മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് കേരളത്തെ അറിയിച്ചിരിക്കുന്നത്.

ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടി ജലം ഇപ്പോള്‍ ഒഴുകിയെത്തുന്നുണ്ട് . നിലവിൽ 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

അതേസമയം തുലാവര്‍ഷം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്‍റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാംപുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേരത്തെ റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്‍പ് അണക്കെട്ടിന്‍റെ പ്രദേശത്ത് വസിക്കുന്ന 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് അറിയിച്ചിരുന്നു.