കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. തുണി വാങ്ങാനായി അമ്മയോടൊപ്പം ടെക്സ്റ്റൈൽസ് ഷോപ്പിലെത്തിയ കുട്ടിയുടെ കാലിൽ നിന്ന് പാദസരം പൊട്ടിച്ചെടുത്ത കേസിലാണ് അബ്ദുൽ കരീമിനെ പൊലീസ് പിടികൂടിയത്.

വളാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ജെ ജിനേഷിന്റെ നിർദേശാനുസരണം വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ൻ മുഹമ്മദ് റഫീഖ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജി എസ് ഐ ബെന്നി, ജയകൃഷ്ണൻ, ജോൺസൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവമറിഞ്ഞ് ഉടനെതന്നെ പോലീസ് സംഘം കടയിലെത്തി സി സി ടി വി പരിശോധിച്ച് തിരിച്ചറിഞ്ഞ അടയാളങ്ങൾ സഹിതം വളാഞ്ചേരി ടൗണിൽ നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
രണ്ടു വയസ്സുകാരിയായ കുട്ടിയെ ഷോപ്പിലിരുത്തി വസ്ത്രം വാങ്ങുന്ന സമയത്താണ് ഈ പ്രതി കുട്ടിയുടെ കാലിനു മുകളിൽ മറ്റൊരു വസ്ത്രം മറച്ചു പിടിച്ചുകൊണ്ട് കുട്ടിയുടെ പാദസരം പൊട്ടിച്ചെടുത്തത്. പാദസരം കാണാതായത് ഉമ്മ അപ്പോൾ തന്നെ ഷോപ്പ് ഉടമയെ അറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോൾ കരിനീല മുണ്ടും മങ്ങിയ ഓറഞ്ചു നിറത്തിലുള്ള ഷർട്ടും ധരിച്ച ഒരാളെ കാണാൻ സാധിച്ചത്. ഈ വിവരമാണ് പോലീസിന് പ്രതിയെ പിടികൂടാൻ സഹായകരമായത്.