യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ
കൊല്ലം: യമഹയുടെ ബൈക്കില്‍ ബജാജ് എന്ജിന് ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.
ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ് ആശിഷ് ചാത്തന്നൂർ ഇടനാട് പുഷ്പ വിലാസം വീട്ടില്‍ ജി. ചാക്കോയ്ക്ക് തന്റെ ഉടമസ്ഥതയിലുള്ള യമഹ ആര്.എക്സ് 100 ബൈക്ക് വിറ്റത്. ബൈക്ക് വാങ്ങിയ വ്യക്തി വാഹനം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ബൈക്കില്‍നിന്നും ഇന്ധന ചോര്‍ച്ച ഉണ്ടാവുകയും തുടർന്ന് വര്‍ക് ഷോപ്പില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ആര്.സി ബുക്കില്‍ രേഖപ്പെടുത്തിയ എന്ജിന് നമ്പറും ചേസിസ് നമ്പറും വ്യത്യസ്തമാണെന്ന് അറിഞ്ഞതോടെ ആഷിഷുമായി ബന്ധപ്പെട്ടെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു.
എന്നാൽ, ആശിഷ് ബൈക്ക് തിരികെ വാങ്ങാതിരിക്കുകയും കൊടുത്ത പൈസ തിരികെ നൽകാതിരിക്കുകയും ചെയ്തതോടെ ചാക്കോ കൊല്ലം ആർ ടി ഓഫീസിൽ പരാതി നൽകുകയായിരുന്നു. ബൈക്കിൽ എൻജിൻ ഘടിപ്പിച്ച ശേഷം ഇയാൾ നമ്പറും മാറ്റുകയായിരുന്നു. ഇതോടെ ചാക്കോ പോലീസിലും പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതായി വിവരം കിട്ടിയ ആശിഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാൾ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകി. എന്നാൽ കോടതി ഇയാളുടെ അപേക്ഷ തള്ളി. ഇതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സി.ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വഞ്ചനാകുറ്റത്തിന് കേസെടുത്ത ആശിഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.