മുല്ലപ്പെരിയാർ ഡാം തുറക്കുന്നത് വൈകും; 7.30 നെന്ന് മന്ത്രി


മുല്ലപ്പെരിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഏഴര മണിയോട് കൂടി തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പെരിയാർ തീരം അതീവ ജാഗ്രതയിലാണ്. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാവിലെ ഏഴു മണിക്ക് 138.75 അടിയാണ് ജലനിരപ്പ്. ഏഴു മണിയായിരുന്നു ആദ്യം നിശ്‌ചയിച്ചിരുന്നത്. മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതും ഡാം തുറക്കും.

മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാർപ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോൾ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയർഫോഴ്സ്, വനം, പോലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങൾ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകൾ എല്ലാം തുറന്നിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റിൽ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. എല്ലവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയർഫോഴ്സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു.