Fincat

എടക്കരയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു

എടക്കര: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മൂത്തേടം സ്വദേശി കറുമ്പശേരി ഷൺമുഖദാസിനെ (55)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മരത്തിൻകടവ് സ്വദേശിനിയായ യുവതിയെയാണ് കഴിഞ്ഞ ദിവസം പ്രതി ആക്രമിച്ചത്. മൂത്തേടം കുറ്റിക്കാടിൽവച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. പിന്നിലൂടെയെത്തിയ ഇയാൾ യുവതിയെ കടന്നുപിടിച്ചു. തുടർന്ന് സമീപത്തെ റബർ തോട്ടത്തിലേക്ക് വലിച്ചിഴക്കവെ യുവതി കുതറിമാറി. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ പ്രതി ഓടിരക്ഷപ്പെട്ടു.

ഇയാൾ ക്രിമിനൽവാസനയുള്ളയാളാണെന്നും മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എടക്കര സിഐ മഞ്ജിത്ത് ലാൽ, എസ്‌ഐ ശിവൻ, സിപിഒമാരായ സുനിൽ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.