മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിയും കടുത്ത നടപടി
പൊന്നാനി: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ചതോടെയാണിത്. 2020 സെപ്റ്റംബറിൽ ഓർഡിനൻസ് പുറത്തിറങ്ങിയ ഘട്ടത്തിൽ ഈ വ്യവസ്ഥയ്‌ക്കെതിരേ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ നിയമത്തിനതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്.
യാനത്തിന്റെ ഉടമയോ അതുമായി ബന്ധപ്പെട്ടവരോ അഞ്ചുശതമാനം നൽകണമെന്ന വ്യവസ്ഥ തിരിച്ചടിയാകുമെന്ന് യാനങ്ങളുടെ ഉടമകൾ പറയുന്നു. മത്സ്യത്തൊഴിലാളികൾക്കു കിട്ടേണ്ട വിഹിതത്തിൽനിന്നാണ് ഈ അഞ്ച് ശതമാനം തുക സർക്കാരിലേക്ക് പോകുന്നത്. ഇതാണ് മത്സ്യത്തൊഴിലാളി മേഖലയെ കലിപ്പിലാക്കുന്നത്.
ബിൽ പ്രകാരം ലേലക്കാരൻ, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം, തദ്ദേശ സ്വയംഭരണസ്ഥാപനം, ഫിഷ് ലാൻഡിങ് സെന്റർ/ ഹാർബർ/ ഫിഷ് മാർക്കറ്റ് മാനേജ്മെന്റ് സൊസൈറ്റി, സർക്കാർ എന്നിവർക്കായി ഈ കമ്മിഷൻ തുക വിഭജിക്കപ്പെടും. ഇതിന്റെ അനുപാതം സർക്കാരിന് വിജ്ഞാപനത്തിലൂടെ നിശ്ചയിക്കാം. അഞ്ച് ശതമാനമെന്നത് ഒരു ശതമാനമാക്കണമെന്ന് ടി.എൻ. പ്രതാപൻ എംപി. ആവശ്യപ്പെട്ടു.
അതേസമയം ചൂഷണത്തിൽനിന്ന് സാധാരണക്കാരായ തൊഴിലാളികളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഈ നിയമം എന്നാണ് മറൈൻ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം താജുദ്ദീൻ വ്യക്തമാക്കുന്നത്. ഇതോടെ മത്സ്യലേലത്തിനും വിപണനത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ടാവും. സർക്കാരിലേക്കു പോകുന്ന അഞ്ചു ശതമാനത്തിൽ രണ്ടു ശതമാനം തിരിച്ച് തൊഴിലാളികൾക്കുതന്നെ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മത്സ്യഫെഡിൽനിന്നോ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിൽനിന്നോ വായ്പയെടുത്തിട്ടുള്ളവർക്ക് മാത്രം നിയമം ബാധകമാക്കുന്നതാണ് അഭികാമ്യം. സർക്കാരിൽനിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കാതെ സർക്കാരിലേക്ക് ലേലത്തുകയുടെ അഞ്ച് ശതമാനം കമ്മിഷൻ തുക നൽകണമെന്ന വ്യവസ്ഥ നീതിയുക്തമല്ലെന്നും ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മത്തിയാസ് പീറ്റർ വ്യക്തമാക്കുന്നത്.
അതേസമയം മത്സ്യത്തൊഴിലാളി മേഖലയുടെ കലിപ്പ് അടക്കാൻ വേണ്ടി സർക്കാർ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. ഇൻഷുറൻസ് അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമ്പോഴും കാര്യങ്ങൾ ഇപ്പോഴും അത്രയ്ക്ക് നേർവഴിയിൽ അല്ല. മേഖലയുടെ ആശങ്ക തീർക്കാൻ സർക്കാറിന് ഇതവരെ സാധിച്ചിട്ടില്ല.
നിയമവിരുദ്ധ മത്സ്യബന്ധം തടയാൻ കർശന നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തീരദേശത്ത് മറൈൻ ആംബുലൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കും. 109 ആംബുലൻസ് മാതൃകയിൽ ഏർപ്പെടുത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും. മത്സ്യകൃഷിക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. മത്സ്യവിഭവങ്ങൾ ഉൾപ്പെടുത്തി റസ്റ്ററന്റ് വിഴിഞ്ഞത്ത് ഉടൻ തുടങ്ങുമെന്നും ആറ് മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.