വിദ്യാർത്ഥികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി പൊറൂർ എ എൽ പി സ്കൂൾ
തിരൂർ: കോവിഡ് മഹാമാരിയിൽ പെട്ട് 17 മാസമായി വീടുകളിൽ ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകുന്ന കുരുന്നുകളെ വിദ്യാലത്തിലേക്ക് വരവേൽക്കാൻ VMHM ALP സ്കൂൾ തയ്യാറെടുത്തു കഴിഞ്ഞു. മാനസികവും, ശരീരികവുമായ സമ്മർദ്ദങ്ങളിൽ അകപ്പെട്ടുപോയ കുരുന്നുകൾക്ക് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ചകളാണ് സ്കൂളിൽ അധികൃതർ ഒരുക്കിയിരിക്കുന്നത്.
മനോഹരമായ പൂന്തോട്ടവും, അതിലൊരു കുട്ടിക്കുളവും, വെള്ളച്ചാട്ടവും മറ്റും പുത്തൻ പ്രതീക്ഷകളുമായി വിദ്യാലയത്തിലെത്തുന്ന കുട്ടികളുടെ മനസ്സിനെ കൂടുതൽ സന്തോഷത്തിന്റെ നാളുകളിലേക്കാണ് കൊണ്ടുപോവുക .

സ്കൂൾ ചുമരിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകുന്ന വിവിധ തരത്തിലുള്ള ചിത്രങ്ങളും ഒരുക്കിയിരിക്കുന്നു ഇത് കുട്ടികളിൽ ജാഗ്രത ഓർമ്മപ്പെടുത്തലുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കും എന്നതിൽ തർക്കമില്ല .

ശരിയായ രീതിയിൽ മാസ്ക് ധരിക്കുക , കൈകൾ ശുചീകരിക്കുക,സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ വിവിധ കോവിഡ് മാനദണ്ഡ നിർദ്ദേശങ്ങളാണ് സ്കൂൾ ചുമരിൽ ഒരുക്കിരിക്കുന്നത്. മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ആണെന്നതും ഈ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

സ്കൂൾ കവാടത്തിന് മഴവില്ലിൻ നിറങ്ങളും , ക്ലാസ്സ് മുറികളിൽ ബെഞ്ചുകൾക്ക് ആകർഷകമായ നിറങ്ങൾ നൽകിയും കുരുന്നു മനസ്സുകളിൽ ആവേശം പകരുവാൻ ഈ പ്രൈമറി വിദ്യാലയം ഒരുങ്ങിയിക്കുകയാണ്.