മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.

തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

മുൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.