കരിപ്പൂരിൽ നിന്ന് ഇത്തവണയും ഹജ്ജിന് വിമാനമില്ല, എംബാർക്കേഷൻ കേന്ദ്രം കൊച്ചി

ദില്ലി: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ ഇത്തവണയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണ പുനഃസ്ഥാപിക്കില്ല. മലബാർ മേഖലയിൽ നിന്ന് നിരവധിപ്പേർ ഹജ്ജിന് അപേക്ഷിക്കുന്നതിനാൽ കരിപ്പൂർ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പരിഗണിച്ചില്ല.

അതേസമയം, ഹജ്ജ് തീർത്ഥാടനത്തിനുള്ള മാർഗ്ഗരേഖ കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ജനുവരി 31 വരെ ഹജ്ജ് തീർത്ഥാടത്തിന് അപേക്ഷിക്കാം. അപേക്ഷകൾ പൂർണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണയും ഹജ്ജ് തീർത്ഥാടനം. രണ്ട് വാക്സീൻ ഡോസും എടുത്തവർക്ക് മാത്രമേ ഹജ്ജിന് അനുമതിയുണ്ടാകൂ.

കഴിഞ്ഞ തവണ ബലിപെരുന്നാളിന് സൗദിയിൽ താമസിക്കുന്ന പ്രവാസി മലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഹജ്ജ് തീർത്ഥാടനത്തിന്‍റെ ഭാഗമായത്. മിനായിലെ കല്ലേറ് കർമ്മത്തിന് അണുവിമുക്തമാക്കിയ കല്ലുകളാണ് ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകിയത്. അകലം പാലിച്ചാണ് കല്ലുകളെറിയാൻ അനുമതി നൽകിയതെന്നതിനാൽ ഏറെ വൈകിയാണ് കഴിഞ്ഞ തവണ ചടങ്ങുകൾ പൂർത്തിയായത്. ആറ് ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ കാലത്ത് കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലായിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും പള്ളികളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്കാരം നടന്നു. ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ നമസ്കാരം വീടുകളിൽ ചുരുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്കാരത്തിന് അനുമതി നൽകിയിരുന്നു. യുഎഇയിൽ ഈദ്ഗാഹുകളിൽ പരസ്പരം ആലിംഗനം ചെയ്യുന്നതും ഹസ്താദാനം നടത്തുന്നതും വിലക്കിയിരുന്നു.

ഇത്തവണ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ കഴിഞ്ഞ തവണത്തേത് പോലെ ബുദ്ധിമുട്ടേറിയ സാഹചര്യമുണ്ടാകില്ലെന്നാണ് ഹ‍ജ്ജ് മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. എന്നാലും വളരെ ശ്രദ്ധാപൂർവം തന്നെയാകും കർശന ചട്ടങ്ങളോടെയും വിപുലമായ സജ്ജീകരണങ്ങളോടെയും തന്നെയാകും ഇത്തവണയും ഹജ്ജ് നടപടികൾ പൂർത്തീകരിക്കുക.