ചികിത്സ കിട്ടാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂര്‍: പനി ബാധിച്ച് പതിനൊന്നു വയസുകാരി മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍ പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നല്‍കാതെ മതപരമായ പ്രാര്‍ത്ഥനയിലൂടെ സൗഖ്യപ്പെടുത്താന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നി?ഗമനം.

മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകള്‍ നല്‍കാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ല.

പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്.


കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.