സ്വപ്ന സുരേഷ് ഇന്നു ജയില്‍മോചിതയായേക്കും
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസ് സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

25 ലക്ഷത്തിന്‍റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. നേരത്തെ കസ്റ്റംസ് , ഇഡി കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുകയും കൊഫേപോസ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍.ഐ.എ ഹാജരാക്കിയ രേഖകള്‍ വെച്ച് തീവ്രവാദക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കളളക്കടത്തും അതുമായി ബന്ധപ്പെട്ട ഗൂഡാലോചനയും നടന്നെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്വർണക്കളളക്കടത്ത് രാജ്യത്തിന്‍റെ സ്ഥിരതയെ അട്ടിമറിക്കുന്ന സാമ്പത്തിക തീവ്രവാദമെന്ന എന്‍.ഐ.എ വാദം അംഗീകരിക്കാനാവില്ല. വൻതോതിൽ കളളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതാണ് സാമ്പത്തിക തീവ്രവാദത്തിന്‍റെ പരിധിയിൽ വരുന്നത്. പ്രതികൾ ഏതെങ്കിലും വിധത്തിലുളള തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ടതായി കുറ്റപത്രത്തിൽ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.