ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി ബസ് പണിമുടക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. യൂണിയനുകൾ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താൽപര്യം അല്ല സംഘടനകൾക്കുള്ളതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

മാസ്റ്റർ സ്കെയിൽ, പ്രാബല്യ തിയ്യതി എന്നീ വിഷയങ്ങളിൽ സർക്കാർ വൃക്തമായ ഒരു ഉറപ്പും നൽകിയില്ലെന്ന് യൂണിയനുകള്‍. ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ യും പണിമുടക്കിനെ പിന്തുണയ്ക്കും. തൊഴിലാളികൾ ആവശ്യപ്പെടുന്ന ശമ്പള സ്കെയിൽ അംഗീകരിച്ചാൽ ശമ്പളത്തിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. യൂണിയനുകളുടെ ആവശ്യങ്ങൾ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോൾ യൂണിയനുകൾ എടുത്തു ചാടി തീരുമാനമെടുത്തെന്നും ഗതാഗത മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച്ച കെ.എസ്.ആർ.ടി.ഇ.എയും ബി എം എസും 24 മണിക്കൂറും ടി.ഡി.എഫ് 48 മണിക്കൂറും പണിമുടക്കും.