അനധികൃത ആംബുലൻസുകൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: അംഗീകൃത ആംബുലൻസുകൾക്ക് തിരിച്ചറിയൽ നമ്പർ നൽകാൻ സർക്കാർ. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പരിചയമുള്ളവർക്കുമാത്രമേ ആംബുലൻസ് ഓടിക്കാൻ അനുമതി നൽകുകയുള്ളൂ. ആംബുലൻസ് സർവീസിലെ പോരായ്മകൾ പരിഹരിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ആംബുലൻസുകളെ മൂന്നായി തരംതിരിച്ച് അംഗീകൃത നിരക്ക് ഏർപ്പെടുത്താനും തീരുമാനമായി. അനധികൃത ആംബുലൻസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അംഗീകൃത ഡിസൈനും നിറവും ലൈറ്റും സൈറണും ഹോണും മാത്രമേ ഉപയോഗിക്കാവൂ. പ്രഥമശുശ്രൂഷ, പെരുമാറ്റ മര്യാദകൾ, രോഗാവസ്ഥ പരിഗണിച്ചുള്ള വേഗനിയന്ത്രണം, ആശുപത്രികളുമായുള്ള ഏകോപനം എന്നിവയിൽ ഡ്രൈവർമാർക്ക് പരിശീലനംനൽകും.

ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത് കുമാർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളായ ഡോ. ജോൺ പണിക്കർ, ഡോ. ശ്രീജിത്ത് എം. കുമാർ, ആംബുലൻസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടനാ പ്രതിനിധികൾ, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.