ഹരിത കേസ്‌: ലൈംഗികാധിക്ഷേപം; എം.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റിനെതിരേ കുറ്റപത്രം

മലപ്പുറം: മുസ്ലിം ലീഗിനെ പ്രതിക്കൂട്ടിലാക്കിയ “ഹരിത” കേസില്‍ പോലീസ്‌ ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത സബ്‌ കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എം.എസ്‌.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ പി.കെ. നവാസിനെ പ്രതിയാക്കിയാണ്‌ കോഴിക്കോട്‌ വെള്ളയില്‍ പോലീസ്‌ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌.

സ്‌ത്രീകള്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുക (354എ(1)(4), സ്‌ത്രീത്വത്തെ അപമാനിക്കുക (509 ഐ.പി.സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ കുറ്റപത്രം. എം.എസ്‌.എഫ്‌. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്‌ദുള്‍ വഹാബിനെതിരേ കേസെടുത്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ പേരില്ല. സാക്ഷിപ്പട്ടികയില്‍ 18 പേരുണ്ട്‌.

എം.എസ്‌.എഫ്‌. സംസ്‌ഥാന നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി എം.എസ്‌.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ നേതാക്കള്‍ രംഗത്തുവന്നത്‌ മുസ്ലിം ലീഗിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ജൂണ്‍ 22-ന്‌ കോഴിക്കോട്‌ എം.എസ്‌.എഫ്‌. സംസ്‌ഥാന സമിതി യോഗത്തിനിടെയാണ്‌ കേസിനാസ്‌പദമായ സംഭവങ്ങളുണ്ടായത്‌. എം.എസ്‌.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ചെന്നും ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു.

എം.എസ്‌.എഫ്‌ നേതൃത്വത്തിനെതിരേ രംഗത്തുവന്ന ഹരിത സംസ്‌ഥാന സമിതിയുടെ പ്രവര്‍ത്തനം മുസ്ലിംലീഗ്‌ മരവിപ്പിച്ചത്‌ വന്‍വിവാദമായി. പരാതി പിന്‍വലിച്ചാല്‍ നടപടി പിന്‍വലിക്കാമെന്നു ലീഗും നിലപാടില്‍ ഹരിതയും ഉറച്ചുനിന്നതോടെ വിഷയം ദേശീയതലത്തില്‍ വാര്‍ത്തയായി.