കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കില്‍ പങ്കാളികളാണ്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആര്‍.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടേക്കും. എന്നാല്‍ സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കും. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.