കല്‍പകഞ്ചേരി പോലിസ് സ്‌റ്റേഷനിലെ പോക്‌സോ കേസ് പിടികിട്ടാപ്പുള്ളി മാനന്തവാടിയില്‍ പിടിയില്‍
താനൂര്‍: കല്‍പകഞ്ചേരി പോലിസ് സ്‌റ്റേഷനിലെ പോക്‌സോ കേസില്‍ തിരൂര്‍ ഫാസ്റ്റ്ട്രാക് കോടതി (പോക്‌സോ) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ മാനന്തവാടിയില്‍വച്ച് പിടികൂടി. കാടാമ്പുഴ മരുതന്‍ചിറ അമ്പത്തൊടി സ്വദേശി പാലപ്പറമ്പില്‍ സുമേഷ് ആണ് വയനാട്ടിലെ മാനന്തവാടി മുരുക്കിന്‍ തേരി ട്രൈബല്‍ കോളനിയില്‍ നിന്നും പിടിയിലായത്. അവിടെനിന്നും വിവാഹം കഴിച്ച് അവിടെ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയുടെ ഫോണ്‍ കോളുകളും ടവര്‍ ലൊക്കേഷനും പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദ്ദേശപ്രകാരം പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ ദാസ്, താനൂര്‍ ഡാന്‍സഫ് അംഗങ്ങളായ അഭിമന്യു, വിപിന്‍, സബറുദ്ധീന്‍, സലേഷ്, ജിനേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് കോളനിയിലെത്തി പ്രതിയെ പിടികൂടിയത്. തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.