ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.
2018-ലാണ് ഇതിനുമുന്‍പ് ബസ് ചാര്‍ജ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില. ആ സമയത്താണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കി വര്‍ധിപ്പിച്ചത്. ഡീസല്‍ വില 95ന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനും ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും അവര്‍ ഉന്നയിച്ചു. കോവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ വിഷയത്തോട് അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി അതിനാല്‍ സമരം പിന്‍വലിക്കുന്നുവെന്നാണ് ബസ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ ഈ മാസം പതിനെട്ടിന് മുന്‍പ് തീരുമാനം വേണമെന്നാണ് ആവശ്യം.