ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫിന്റെ അനുമതി. തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും എല്‍.ഡി.എഫ്. യോഗം ചുമതലപ്പെടുത്തി.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകളാണ് മുന്നോട്ടുവെച്ചത്. ഇന്നലെ രാത്രി കോട്ടയത്ത് ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

കോട്ടയത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ആന്റണി രാജു ഇന്നത്തെ എല്‍.ഡി.എഫ്. യോഗത്തില്‍ അറിയിച്ചു. തുടർന്നാണ് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നയപരമായ അനുമതി എല്‍.ഡി.എഫ്. യോഗം നല്‍കിയത്. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

സാധാരണയായി, പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. ഇപ്പോള്‍ അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാര്‍ അങ്ങനെ ഒരു മാര്‍ഗം അവലംബിക്കുമോ എന്നാണ് അറിയാനുള്ളത്.