മോൻസൺ മാവുങ്കലുമായുള്ള ബന്ധം, ഐ ജി ലക്ഷ്‌മണയെ സസ്പെൻഡ് ചെയ്തു
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും.

പുരാവസ്തു തട്ടിപ്പ് കേസിൽ ലക്ഷ്മണ ഇടനിലക്കാരനായെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും, ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോൻസണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോൻസണും ഇടനിലക്കാരിയും കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് പൊലീസ് ക്ലബിൽ കൂടിക്കാഴ്ച നടത്തി.
ഐ ജിയുടെ നിർദേശ പ്രകാരം മോൻസണിന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ പൊലീസ് ക്ലബിൽ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ടുവന്നത്. മോൻസണിന്റെ കൈവശം ഉള്ള മുതലയുടെ തലയോട് ഉൾപ്പടെ ഇടനിലക്കാരി മുഖേന വില്പന നടത്താൻ പദ്ധതി ഇട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.