ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്, അഡ്മിന്‍റെ കൂടുതല്‍ പവര്‍, വാട്ട്സ്ആപ്പ് വന്‍ മാറ്റം ഇങ്ങനെ
വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ കമ്യൂണിറ്റി ഫീച്ചർ എന്നാണ് ആദ്യ പരിശോധനയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍ എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.
ഈ ഫീച്ചറിന്‍റെ ഒരു സ്ക്രീന്‍ഷോട്ട് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒരു ഗ്രൂപ്പിന്‍റെ കീഴില്‍ അതിന്‍റെ അഡ്മിന് കമ്യൂണിറ്റി തുടങ്ങാം. കമ്യൂണിറ്റികളുടെ ലോഗോ ചതുരത്തില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. അതായത് ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമായി പറയാന്‍ കഴിയില്ല. അപ്പോള്‍ അഡ്മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതില്‍ ചേര്‍ക്കാം. ചര്‍ച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ചെയ്ത് ഇതില്‍ എത്തിക്കാം എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.
മറ്റൊരു ഗ്രൂപ്പ് തുടങ്ങുക എന്നതിനപ്പുറം ഒരു ‘സബ് ഗ്രൂപ്പായി’ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും കമ്യൂണിറ്റികള്‍ വരുക. അതായത് ഒരു കോളേജ് ഗ്രൂപ്പ് ഉണ്ട്. അതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാം ഉണ്ടാകും. അതിന്‍റെ അഡ്മിനായ ഒരാള്‍ക്ക് അയാള്‍ അധ്യാപകനാണെങ്കിലോ, വിദ്യാര്‍ത്ഥിയാണെങ്കിലോ അയാളുടെ കൂട്ടത്തിലുള്ളവരെ വച്ച് മാത്രം ഒരു കമ്യൂണിറ്റി ഉണ്ടാക്കാം. കമ്യൂണിറ്റിക്ക് പുറത്തുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ ഒരു കമ്യൂണിറ്റി ഉള്ളത് അറിയാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കപ്പെടും. അപ്പോള്‍ മാത്രമേ കൂടുതല്‍ ഇതിന്‍റെ പ്രത്യേകതകള്‍ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.