കരിപ്പൂർ സ്വർണക്കടത്ത്: പ്രതികളുമായി തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസിൽ പിടിയിലായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സൗത്ത് കൊടുവള്ളി മദ്രസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് (40), കൂട്ടാളി സക്കറിയ (34) എന്നിവരുമായി വിമാനത്താവളപരിസരം, രാമനാട്ടുകര, കൊടുവള്ളി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഇടങ്ങളിലും ഒളിവിൽ കഴിഞ്ഞയിടങ്ങളിലുമെല്ലാമാണ് കൊടുവള്ളിയിൽ ഇവരെ കൊണ്ടുപോയത്. റഫീഖിനെതിരേ, അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ഫോണിലെ വിവരങ്ങൾ പോലീസ് വിശദമായി പരിശോധിക്കും. സംഭവം നടന്ന ജൂൺ 21-ന് വിമാനത്താവള പരിസരത്തുവെച്ച് അർജുൻ ആയങ്കി വന്ന വാഹനം തടഞ്ഞു സോഡാക്കുപ്പി എറിഞ്ഞതിലും ഇവർക്കുപങ്കുണ്ട്.

പ്രധാന പ്രതികളിലൊരാളായ സുഫിയാന്റെ സഹോദരൻ ജസീറിന്റെ വാഹനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം നേരത്തേ കസ്റ്റഡിയിൽ എടുത്തിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തിൽ ഇവർ രാമനാട്ടുകരയിൽ അപകടത്തിൽപ്പെട്ട വാഹനത്തിന്‌ പിറകിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.