മയക്കുമരുന്ന് ഉപയോഗം: കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു
മയക്കുമരുന്ന് വിറ്റാൽ ശിക്ഷ കടുക്കും
നർക്കോട്ടിക് നിയമം ഭേദഗതി ചെയ്യുന്നു
ന്യൂഡൽഹി: മയക്കുമരുന്ന് ചെറിയതോതിൽ ഉപയോഗിക്കുന്നവരെ ജയിലിലേക്ക് അയയ്ക്കാതെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മയക്കുമരുന്ന് കടത്തും വില്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകാനും കേന്ദ്രം നിയമം ഭേദഗതി ചെയ്യുന്നു. നിരപരാധികളെ കേസിൽ കുടുക്കുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും.
നിലവിൽ 240 ലഹരി വസ്തുക്കളുണ്ട്. ഒാരോന്നിനും ശിക്ഷ വ്യത്യസ്തമാണ്. ഇത് ഏകീകരിക്കുമോ എന്ന് വ്യക്തമല്ല. കരട് തയ്യാറാകുന്നതേയുള്ളൂ.
ലഹരി, മയക്കുമരുന്ന് അടിമകളെ കുറ്റവാളികളാക്കാതെ ഇരകളായി കാണണമെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പാണ് നിർദ്ദേശിച്ചത്.
ആദ്യമായി പിടിയിലാകുമ്പോൾ ചെറിയ പിഴയും വീണ്ടും ഉപയോഗിച്ചാൽ നിർബന്ധിത സാമൂഹ്യ സേവനവും എന്നിട്ടും നന്നാകാത്തവർക്ക് തടവു ശിക്ഷയും നൽകുന്ന ഭേദഗതി കേന്ദ്രമന്ത്രി സഭയുടെ പരിഗണനയ്‌ക്ക് നൽകിയിരുന്നു.
നടൻ ഷാരൂക്ക് ഖാന്റെ മകൻ ആര്യൻ ഖാനെതിരെയുള്ള മയക്കുമരുന്ന് കേസിന്റെ പശ്ചാത്തലത്തിൽ പുതിയ തലമുറയെ ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ് വേണ്ടതെന്ന അഭിപ്രായം രാജ്യവ്യാപകമായി ഉയർന്നതിനെ തുടർന്നാണ് ആദ്യ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയത്.
1985ലെ നർക്കോട്ടിക്, ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് നിയമമാണ് (എൻ.ഡി.പി.എസ്.എ ) ഭേദഗതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ആഭ്യന്തരം, റവന്യൂ, ആരോഗ്യ മന്ത്രാലയങ്ങളിലെ ഉന്നതരുടെ യോഗത്തിൽ നിർദ്ദേശം അംഗീകരിച്ചു. ഈ മാസം തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.
ഭേദഗതി ചെയ്യുന്നത്
എൻ.ഡി.പി.എസ്.എ സെക്‌ഷൻ 27
മയക്കുമരുന്ന് ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറുമാസം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റം. ജാമ്യത്തിന് കടുത്ത ഉപാധി.
പുതിയ നിർദ്ദേശങ്ങൾ:
ചികിത്സയും കൗൺസലിംഗും നൽകിയ ശേഷവും മാറ്റം വരാത്തവർക്ക് മാത്രം ശിക്ഷ.
കടത്തും വില്പനയും നടത്തുന്നവർക്ക് കടുത്ത ശിക്ഷ
നിരപരാധികളെ കേസിൽ കുടുക്കിയാൽ കഠിനശിക്ഷ
പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ വിവരങ്ങൾ രേഖപ്പെടുത്താൻ ഡിജിറ്റൽ സംവിധാനം
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായി ഡി അഡിക്‌ഷൻ ബോധവൽക്കരണം
നിലവിലെ നിയമം: വധശിക്ഷ വരെ
പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ച് ശിക്ഷ
വലിയ അളവിൽ വില്പന നടത്തിയാൽ വധശിക്ഷവരെ
കഞ്ചാവ് ചെടി വളർത്തിയാൽ 10വർഷം കഠിനതടവും ഒരു ലക്ഷം പിഴയും
ചെറിയ തോതിൽ കഞ്ചാവുമായി പിടിയിലായാൽ ഒരുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും.
അളവ് കൂടിയാൽ 10വർഷം തടവ്. വൻതോതിലായാൽ 20വർഷം വരെ തടവും രണ്ടുലക്ഷം പിഴയും.
മറ്റു ലഹരി വസ്തുക്കളുടെ തൂക്കമനുസരിച്ച് ശിക്ഷയിൽ വ്യത്യാസം ഉണ്ടാവും
പരിരക്ഷ
മയക്കുമരുന്നിന് അടിമയായവർക്ക് പരിരക്ഷ നൽകാനും എൻ.ഡി.പി.എസ് ആക്ടിന്റെ സെക്‌ഷൻ 64എയിൽ വകുപ്പുണ്ട്. കോടതിക്കാണ് അധികാരം. ചെറിയ അളവിൽ ലഹരിമരുന്നുമായി പിടിയിലായാലേ ഈ പരിരക്ഷ കിട്ടൂ.
വ്യാപകമായി ഉപയോഗിക്കുന്നത്
കഞ്ചാവ്, കറുപ്പ്, കൊക്ക- പോപ്പി ഇലകൾ കൊണ്ടുണ്ടാക്കുന്ന മയക്കുമരുന്നുകൾ.
കൊക്കെയ്ൻ, മോർഫിൻ, കൊഡൈൻ, ഹെറോയിൻ, ഡയസെറ്റൈൽമോർഫിൻ, ഹാഷിഷ്, ചരസ്, ഹാഷിഷ് ഓയിൽ, കൊക്ക പേസ്റ്റ് , നാവിലൊട്ടിക്കുന്ന എൽ.എസ്.ഡി
കേരളത്തിലെ കേസുകൾ
2009-236
2010-238
2011-332
2012-563
2013-793
2014-970
2015-1430
2016-2985
2017-5946
2018-7573
2019 -3316 (മേയ് വരെ)
പ്രതികൾ കേരളത്തിൽ
(10വർഷത്തിനുള്ളിൽ)
പുരുഷന്മാർ-23417
സ്ത്രീകൾ-354
കുട്ടികൾ-356