സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ നിലയിലുള്ളതൊഴികെയുള്ള മൃതശരീരങ്ങൾ മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ വെച്ച് സൂര്യാസ്തമയത്തിനുശേഷവും പോസ്റ്റ്‌മോർട്ടം നടത്താമെന്നാണ് പുതിയ നിർദ്ദേശം. അവയവദാന നടപടികൾ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം കേന്ദ്രം നടപ്പിലാക്കുന്നത്.

കുറ്റമറ്റ സൌകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രികാലത്തും പോസ്റ്റ് മോർട്ടം നടത്തുന്നതിന് അനുവാദമുണ്ടാകും. മറ്റ് നിയമ പ്രശ്നങ്ങൾ ഒഴുവാക്കുന്നതിന് പോസ്റ്റ്മോർട്ടം നടപടികളുടെ വീഡിയോ ചിത്രീകരിക്കാനും നിർദ്ദേശമുണ്ട്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ സമ്പ്രദായം അവസാനിപ്പിക്കുകയാണെന്നും ഏത് സമയത്തും ഇനി പോസ്റ്റ്‌മോർട്ടം നടത്താമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.