പേമാരി, 4 മരണം; ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും
കൊല്ലം പത്തനാപുരം കല്ലുംകടവിൽ വെള്ളം കയറിയ ഫ്ലാറ്റിൽ കുടുങ്ങിയ കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെ കൈമാറുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ. ഫോട്ടോ:ശ്രീധർലാൽ.എം.എസ്
എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവർ മരിച്ചു
കണ്ണൂരിലും തൃശൂരിലും വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത നാശംവിതച്ച് തോരാതെ പെയ്യുന്ന മഴയിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, തൃശൂർ ജില്ലകളിലായി നാലു ജീവനുകൾ നഷ്ടമായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയിൽ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി.എന്നിട്ടും ജലനിരപ്പിൽ കുറവ് വന്നില്ല. ജലനിരപ്പ് 141 അടി എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കളക്ടർമാരുടെ അടിയന്തരയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശിച്ചു.
എറണാകുളം കളമശേരി അപ്പോളോ ടയേഴ്സിനു സമീപം മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവർ നെയ്യാറ്റിൻകര കൊച്ചോട്ടുകോണം ഉദിയൻകുളങ്ങര പനവിള വീട്ടിൽ തങ്കരാജ് (72) മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ ലോറി നിറുത്തി പുറത്തിറങ്ങിയപ്പോഴാണ് മണ്ണിടിഞ്ഞുവീണത്. കണ്ണൂർ ഇരിക്കൂർ പെടയങ്കോട് സ്വദേശി പാറമ്മൽ സാജിദിന്റെ മകൻ നാലുവയസുള്ള അബൂബക്കർ നസൽ മീൻ വളർത്തൽ വെള്ളക്കെട്ടിൽ വീണ് മരിച്ചു. മൂന്നു ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ കാട്ടാക്കട പശുവണ്ണറ സ്വദേശി ലളിതാഭായിയുടെ(72) മൃതദേഹം ഇന്നലെ നെയ്യാറിൽ പാലക്കടവ് ഭാഗത്തുനിന്ന് കണ്ടെത്തി.
കരകവിഞ്ഞൊഴുകിയ തൃശൂർ പട്ടേപ്പാടം ആനക്കച്ചിറ തോട്ടിൽ വീണ് അലങ്കാരത്തുപറമ്പിൽ ബെൻസിൻ, ബെൻസി ദമ്പതികളുടെ ഏക മകൻ ആരോം ഹെവൻ മരിച്ചു. മുറ്റത്ത് മാതാവ് കുളിപ്പിക്കാൻ എണ്ണ തേയ്പ്പിക്കുന്നതിനിടെ കുതറി ഓടിയപ്പോൾ മണ്ണിടിഞ്ഞ് തോട്ടിൽ വീഴുകയായിരുന്നു. ബെൻസി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. കൂറെദൂരം ഒഴുകിയ ബെൻസിയെ അയൽക്കാർ രക്ഷപെടുത്തി. വൈകിട്ടാണ് ഹെവന്റെ മൃതദേഹം കിട്ടിയത്. എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്നലെ കനത്ത മഴ പെയ്തത്. പല ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനവിലക്ക് ഏർപ്പെടുത്തി. പത്തനംതിട്ടയിൽ കല്ലേലി, മുറിഞ്ഞകൽ, കൊടുമൺ, ഏനാദിമംഗലം ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി. 11 വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല. ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.
86
ദുരിതാശ്വാസ ക്യാമ്പ്
1974 പേരെ
മാറ്റിപാർപ്പിച്ചു
589
കുടംബങ്ങൾ
47
തലസ്ഥാനത്ത് മാത്രം
ശബരിമലയിൽ നിയന്ത്രണം
മണ്ഡലകാല തീർത്ഥാടനത്തിന് ഇന്നു നട തുറക്കുന്ന ശബരിമലയിൽ അടുത്ത മൂന്നു, നാലുദിവസത്തേക്ക് ഭക്തരുടെ എണ്ണം നിയന്ത്രിക്കും. എണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി തീരുമാനിക്കും. നാളെ പുലർച്ചെ മുതലാണ് ഭക്തർക്ക് ദർശനം. പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് നിറുത്തും. എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും.
തുറന്ന മറ്റു ഡാമുകൾ
കക്കി-ആനത്തോട്, മൂഴിയാർ, മണിയാർ, ചിമ്മിനി ഡാമുകൾ. പീച്ചി ഡാമിന്റെ ഷട്ടറുകൾ ഒരിഞ്ചിൽ നിന്ന് അഞ്ച് ഇഞ്ചായി ഉയർത്തി.
ബുധൻ വരെ ശക്തമായ മഴ
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ മഴയും തെക്കൻ ജില്ലകളിൽ ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ സാധാരണ മഴയും. വ്യാഴാഴ്ചയ്ക്കുശേഷം മഴ കുറയും. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ ഭാഗത്ത് നിലവിലുള്ള ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമാകും. തുടർന്ന് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് 18ന് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കും. വടക്കൻ തമിഴ്നാടിനു മുകളിലും തെക്കു കിഴക്കൻ അറബിക്കടലിലും ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇന്നോ നാളെയോ അറബിക്കടലിൽ മറ്രൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പുലർത്തണം.
ഓറഞ്ച് അലർട്ട്
എറണാകുളം,തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്
യെല്ലോ അലർട്ട്
ആലപ്പുഴ,കോട്ടയം,ഇടുക്കി,പാലക്കാട്,മലപ്പുറം