മലഞ്ചരക്ക് മോഷണം, അന്തർജില്ലാ മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ


എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കളായ കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ്, വ.42, അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു, വ. 44, എന്നിവരെയാണ് എടവണ്ണ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാത്രി എടവണ്ണയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ മാസം 28ന് രാത്രി എടവണ്ണ സ്റ്റേഷൻ പരിധിയിലെ ആമയൂരിലെ അടക്കാകർഷകനായ ഇരുപ്പുകണ്ടൻ ഉണ്ണി തെയ്യൻ്റെ വീടിനു പുറകുവശം ചാക്കിൽ കെട്ടി ഉണക്കി സൂക്ഷിച്ച ഒന്നര ലക്ഷം രൂപാ വിലവരുന്ന അടക്ക മോഷണം പോയ കാര്യത്തിന് എടവണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി S. സുജിത് ദാസ് IPS ൻ്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ DYSP സജു.കെ. അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ മിനി പിക്കപ്പ് ലോറിയിൽ എത്തിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. CCTV കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ വാഹനം വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ വരെ എത്തിയതയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ ലഭ്യമായില്ല. സമാനമായ രീതിയിൽ നവംബർ 8 ന് രാത്രി മലപ്പുറം സ്റ്റേഷൻ പരിധിയിലെ ചട്ടിപ്പറമ്പിനടുത്തുള്ള മുണ്ടക്കോട് നിന്നും അടക്കാ കളത്തിലെ ഷെഡിൻ്റെ പുട്ടുപൊളിച്ച് ഒരു ലക്ഷം രൂപയുടെ അടക്കകളവുപോയിരുന്നു. അവിടെ നിന്നും ലഭിച്ച CCTV ദൃശ്യങ്ങളിൽ നിന്നും സമാനവാഹനത്തിലെത്തിയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. ഈ വാഹനവും വയനാട് പടിഞ്ഞാറേ തറയിലെത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പടിഞ്ഞാറേതറയിൽ രഹസ്യമായി താമസിച്ച് പ്രദേശവാസികളോടും, ഓട്ടോ ടാക്സി തൊഴിലാളികളുടെ ഇടയിലും നടത്തിയ അന്വേഷണത്തിൽ മലപ്പുറം ജില്ലയിൽ നിന്നും വന്ന് പടിഞ്ഞാറേ തറയിലെത്തി വീട് വാടകക്കെടുത്ത് അടക്ക വ്യാപാരം നടത്തുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ഇവർ മുൻപ് നിരവധി കളവു കേസ്സുകളിൽ ഉൾപ്പെട്ടവരാണെന്നും പേലീസിന് സൂചന ലഭിച്ചു. തുടർന്ന് പ്രതികളെ നിരീക്ഷിച്ചു വരവെ വീണ്ടും അടക്ക മോഷണം നടത്തുന്നതിനായി സ്ഥലങ്ങൾ കണ്ടുവെക്കാൻ ബൈക്കിൽ കറങ്ങി നടക്കവെയാണ് ഇന്നലെ രാത്രി എടവണ്ണയിൽ വെച്ച് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ ആമയൂരിലേയും, ചട്ടി പറമ്പിലേയും മോഷണം നടത്തിയത് തങ്ങളാണെന്നും, വീണ്ടും മോഷണത്തിനായി സ്ഥലങ്ങൾ കണ്ടു വെക്കുന്നതിനാണ് ബൈക്കിൽ വന്നതെന്നും ചോദ്യം ചെയ്തതിൽ പ്രതികൾ സമ്മതിച്ചു. ആമയൂരിൽ നിന്നും മോഷ്ടിച്ച അടക്ക വയനാട്ടിലെ വാടക വീട്ടിൽ സൂക്ഷിച്ചതായും, ചട്ടി പറമ്പിൽ നിന്നും മോഷ്ടിച്ച അടക്ക താമരശ്ശേരി പൂനൂരിൽ വിൽപ്പന നടത്തിയതായും അറിയാൻ കഴിഞ്ഞു. ഇതിനായി ഉപയോഗിക്കുന്ന ദോസ്ത് മിനി വാൻ കേടായതു റിപ്പയറിനായി അങ്ങാടിപ്പുറം വർക് ഷോപ്പിൽ പണിക്കു നിർത്തിയതയുംപോലീസ് കണ്ടെത്തി.
റഫീഖ് 2008-10 കാലഘട്ടങ്ങളിൽ പട്ടാമ്പി പെരിന്തൽമണ്ണ വളാഞ്ചേരി പരപ്പനങ്ങാടി സ്റ്റേഷനുകളിൽ ആരാധനാലയങ്ങൾ, ആക്രിക്കടകൾ തുടങ്ങിയവയിൽ മോഷണം നടത്തിയതിന് പിടിയിലായി ജയിൽവാസം അനുഭവിച്ച യാളും,ഇപ്പോൾ വിവിധ കോടതികളിൽ വിചാരണ നേരിടുന്നയാളുമാണ്. പുതുതായി വാങ്ങിയ വാഹനത്തിൻ്റെ തിരിച്ചടവിന് പണം കണ്ടെത്താനും, കേസ്സ് നടത്താനുള്ള ചെലവിനുമാണ് മോഷണം നടത്തിയതെന്ന് റഫീഖ് പോലീസിനോട് പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കഞ്ചാവു കേസ്സുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെട്ട് ഒരു വർഷത്തോളം ജയിൽവാസം അനുഭവിച്ചയാളുമാണ് മുഹമ്മദാലി @അലിപ്പു . ബത്തേരിയിൽ വാഹനമോഷണത്തിനും വാഹനം തീവെച്ച് നശിപ്പിച്ചതിന് പെരിന്തൽമണ്ണയിലും കേസ്റ്റ് നിലവിലുണ്ട്. ഇത്തരത്തിൽ ജില്ലയിൽ കൂടുതൽ മോഷണം നടന്നതായി വിവരം കിട്ടിയിട്ടുണ്ട് , അതിൽ പ്രതികളുടെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് DYSP സാജു കെ. അബ്രഹാം അറിയിച്ചു. തൊണ്ടിമുതലകൾ കണ്ടെടുക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . പ്രത്യേക അന്വേഷണ സംഘത്തിലെ SI എം.അസൈനാർ, അഭിലാഷ് കൈപ്പിനി, ദിനേശ് ആമയൂർ, ആശിഫ് അലി. കെ.ടി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എടവണ്ണ സ്റ്റേഷനിലെ SI രമേശ് ബാബു, ASI ഇ.രമേശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മനേഷ് കുമാർ പി, സി.ഡി. സുരേഷ്, അബൂബക്കർ , കുരുവിള .കെ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.