ജില്ലയിലെ ഉപരിപഠന മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം – എ ഐ വൈ എഫ്
മലപ്പുറം : കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടുന്ന ജില്ലയാണ് മലപ്പുറം. ഒരു ദശാബ്ദ കാലത്തിലധികമായി ജില്ല നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഹയര്‍ സെക്കന്ററി ബാച്ചുകളുടെയും, കോളേജ് സീറ്റുകളുടെയും പരിമിതി. റഗുലര്‍ പഠന സൗകര്യത്തിന്റെ അഭാവം കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ പൊതുവിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം സര്‍ക്കാര്‍ കണക്കിലെടുക്കുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് മലപ്പുറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
മുസ്ലീം ലീഗിന്റേത് മുതലകണ്ണീര്‍
ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കയ്യിലുള്ള അധികാരം വിനിയോഗിക്കാതെ സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ വഴിവിട്ട് പ്രോത്സാഹിപ്പിച്ചുവന്ന മുസ്ലീം ലീഗ് നേതൃത്വം ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ ഉപയോഗിച്ച് കോടതി നടപടികളിലേക്ക് പോകുന്നത് അപഹാസ്യമാണ്. ഏറ്റവുമധികം കാലം വിദ്യാഭ്യാസ വകുപ്പ് ഭരിക്കുകയും ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള ജില്ലയിലെ ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി അധികാരം കയ്യാളുമ്പോഴും ഈ പ്രശ്‌ന പരിഹാരത്തിന് ഒരു നടപടിയും സ്വീകരിക്കാത്ത മുസ്ലീം ലീഗ് മുതലക്കണ്ണീര്‍പൊഴിക്കുകയാണ് ചെയ്യുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും എ ഐ വൈ എഫ് ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.
ജില്ലാ സമ്മേളനം 47 അംഗങ്ങള്‍ അടങ്ങിയ പുതിയ ജില്ലാ കമ്മിറ്റിയേയും 15 അംഗങ്ങള്‍ അടങ്ങിയ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും 16 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി സി പി നിസാര്‍ – പ്രസിഡന്റ്, എം പി സ്വാലിഹ് തങ്ങള്‍, രജനി മനോജ് – വൈസ് പ്രസിഡന്റുമാര്‍, അഡ്വ. ഷഫീര്‍ കിഴിശ്ശേരി – സെക്രട്ടറി, ഇ വി അനീഷ്, അഡ്വ. എം എ നിര്‍മ്മല്‍ മൂര്‍ത്തി – ജോ. സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനം അംഗീകരിച്ച മറ്റു പ്രധാന പ്രമേയങ്ങള്‍
1. ജില്ലയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രി ഉടന്‍ പുനസ്ഥാപിക്കുക
2. കോഴിക്കോട് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസും ഹജ്ജ് എമ്പര്‍ക്കേഷനും പുനസ്ഥാപിക്കുക
3. മലബാര്‍ – മൈസൂര്‍ പാതയില്‍ മലപ്പുറത്തെ ഉള്‍പ്പെടുത്തുക
4. നിലമ്പൂര്‍ – നെഞ്ചങ്കോട് റെയില്‍ യാഥാര്‍ത്ഥ്യമാക്കുക
5. അരീക്കോട് കേന്ദ്രീകരിച്ച് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുക
6. മലബാര്‍ സമര കേന്ദ്രങ്ങളെ ദേശീയ സ്വാതന്ത്ര്യസമര കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് സംരക്ഷിക്കുക
7. ചാലിയാര്‍ ഉള്‍പ്പെടെയുള്ള ജല ടൂറിസ്റ്റ് സാധ്യതകളെ ഫലപ്രദമായി വികസിപ്പിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
8. ജില്ലയോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കുക
9. തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുക, നവീകരണം നടത്തുക
10. ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദവും സുതാര്യവുമാക്കുക