സ്ത്രീയെ വളര്‍ത്തുനായകള്‍ കടിച്ച സംഭവം: നാട്ടുകാര്‍ക്കെതിരേ കേസ്; ഉടമയ്ക്ക് ജാമ്യം

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ്  ജാമ്യം അനുവദിച്ചു. സംഭവത്തില്‍ ഇന്നലെ  തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

നായ്ക്കളുടെ ആക്രമണത്തില്‍ കൈക്കും മുഖത്തും പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് ഉടമയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടുണ്ട്.

യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ  അലക്ഷ്യമായി അഴിച്ചു വിട്ട  ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍  അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.  സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

റോഷന്റെ വളര്‍ത്തുനായ്ക്കള്‍ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.b