വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ
അരീക്കോട്: 15 ദിവസത്തിന് ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെറുവായൂർ സ്വദേശി മുഹമ്മദ് ബഷീർ എന്ന മാനുപ്പയെയാണ് (31) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടംപറമ്പ് സ്വദേശി അബ്ദുറഷീദിന്റെ 3.8 ലക്ഷം രൂപ വിലവരുന്ന കാർ തിരിച്ചുനൽകാതെ കൈമാറ്റം ചെയ്ത് കടത്തിയതാണ് കേസ്. നാലാം പ്രതിയാണിയാൾ.
കാണാതായ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ കാർ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ പറഞ്ഞു. മറ്റു പ്രതികളായ ചെറുവായൂർ കാസിം, മുഹമ്മദലി ഒഴുകൂർ, തടപ്പറമ്പ് മുജീബ്റഹ്മാൻ എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വാഹനം തമിഴ്നാട്ടിലേക്ക് കടത്തി എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു. നിലവിൽ പ്രതികൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.