തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക; എൻജിഒ യൂണിയൻ

തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് കേരള എൻജിഒ യൂണിയൻ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനം ആയിരുന്നിട്ടും ആശുപത്രിയുടെ വികസനം സാധ്യമാക്കാനുള്ള ഇടപെടലിന് മലപ്പുറം ജില്ലാ പഞ്ചായത്ത് തയ്യാറാകുന്നില്ല. ജില്ലാ ആശുപത്രി എന്ന നിലയിലും സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നത് കണക്കിലെടുത്തുമുള്ള കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് എം. വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എം നിതീഷ് പതാക ഉയർത്തി. സെക്രട്ടറി എം.പി. വൽസരാജ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ അജിത് കുമാർ സി.പി. കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് വി.കെ. രാജേഷ്, സെക്രട്ടറി കെ. വിജയകുമാർ, ട്രഷറർ ഇ.പി. മുരളീധരൻ, ജില്ല നിരീക്ഷകൻ ശശികുമാർ എം എന്നിവർ പങ്കെടുത്തു .

പുതിയ ഭാരവാഹികളായി യു. മധു (പ്രസിഡണ്ട്), എം.പി. വൽസരാജ് (സെക്രട്ടറി), ബി. ഗംഗാദേവി, അഭിലാഷ് പി. (വൈസ് പ്രസിഡണ്ടുമാർ ), പി. വിജയൻ, കെ.ജി. ഹാഷ്മി (ജോ. സെക്രട്ടറിമാർ), അജിത് കുമാർ സി.പി. ( ട്രഷറർ), ബി. ഷൈനി(വനിതാ സബ്കമ്മിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. തിരൂർ ഏരിയ കമ്മിറ്റി വിഭജിച്ച് കുറ്റിപ്പുറം കേന്ദ്രമായി വളാഞ്ചേരി ഏരിയ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.