ആന്ധ്രയിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു,​ 18 പേരെ കാണാതായി

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ആന്ധ്രപദേശ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ മൂന്ന് ബസുകളാണ് ഒഴുക്കിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. ചെയ്യേരു നദിയിൽ ഒഴുക്കിൽപ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. നൂറ് കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു.ക്ഷേത്രനഗരമായ തിരുപ്പതിയിലെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിലാണ്. പ്രസിദ്ധമായ വെങ്കടേശ്വര ക്ഷേത്രം, കപീലേശ്വര ക്ഷേത്രം , ആ‍ജ്ഞനേയ ക്ഷേത്രത്തിലും വെള്ളക്കെട്ട് രൂക്ഷമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് കുടുങ്ങിയത്. തിരുപ്പതി ദര്‍ശനം കഴിഞ്ഞ് ബസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് നിന്നുള്ള പതിനഞ്ചംഗ സംഘം ചിറ്റൂരില്‍ കുടുങ്ങി. ഇവരെ രക്ഷാപ്രവര്‍ത്തക സംഘം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചന്ദ്രഗിരി ടൗണ്‍, മധുര നഗര്‍, നയനഗിരി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ദേശീയ ദുരന്തനിവാരണ സേനയെ തിരുപ്പതിയില്‍ വിന്യസിച്ചു.തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗ്ലൂരുവിലേക്കും വഴിതിരിച്ചുവിട്ടു.