കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട് ഉപദ്രവിച്ചെന്നുമടക്കമുള്ള പരാതി പെൺകുട്ടി മലപ്പുറം എസ് പിക്കാണ് നല്‍കിയത്.

ലൈംഗിക വൈകൃതത്തിന് അടിമയായ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായി നിരവധി തവണ പീഡിപ്പിച്ചു, എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു, പരപുരഷ ബന്ധമാരോപിച്ച് അപമാനിച്ചു, പകയോടെ പെരുമാറി, ബന്ധു വീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല, സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് ഭര്‍ത്താവും മാതാപിതാക്കളും സഹോദരിയും പല തവണ ഉപദ്രവിച്ചു വിവാഹശേഷം ആവശ്യപെട്ട അഞ്ച് ലക്ഷം രൂപ നല്‍കാത്തതിനാല്‍ വിവാഹ സമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുവച്ചു എന്നിങ്ങനെയുള്ള പരാതികളാണ് പെൺകുട്ടി പൊലീസിന് നല്‍കിയിട്ടുള്ളത്. ദുരനുഭവങ്ങള്‍ വീട്ടില്‍ പറയരുതെന്ന് ഭര്‍ത്താവും വീട്ടുകാരും ഭീഷണിപെടുത്തിയിരുന്നുവെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നും  പല തവണ വീട്ടില്‍ വച്ച്  മയക്കു മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിലും പീഡനത്തിലും പലപ്പോഴും ബോധം പോകുന്ന വിധം പരിക്കേറ്റിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ നടപടിയെടുക്കണെമന്നാവശ്യപെട്ടാണ് പെൺകുട്ടി എസ് പിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഇതിനിടെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതില്‍ പരിക്കേറ്റ നവവരൻ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസില്‍ ഒളിവിലുള്ള ഒരു പ്രതിയെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല.