അടുത്ത കൊറോണ വൈറസ് എലികളിൽ നിന്ന്: ഫലപ്രദമായ വാക്സിനേഷൻ നടന്നില്ലെങ്കിൽ ഇനി ലോകത്തിന് രക്ഷയില്ല
മനുഷ്യകുലത്തിനെ നാശത്തിന്റെ പടുകുഴിയിലെത്തിച്ച വവ്വാലുകളുടെ നൃത്തം തുടരുന്നതിനിടയിലാണ് എലികളായിരിക്കും പുതിയ കൊറോണ വൈറസുകളെ വഹിച്ചുകൊണ്ടെത്തുക എന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. പ്രിൻസെടൺ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സസ്തനി വർഗ്ഗത്തിൽ പെട്ട വിവിധ മൃഗങ്ങളുടെ ജെനോമിക് വിശകലനത്തിനു ശേഷമാണ് അവർ ഈ അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ ചില പ്രത്യേക സ്പീഷീസുകളിൽ പെട്ട എലികൾ സാർസ് വൈറസുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ടതായി അവർ കണ്ടെത്തി. ഇത് അവയിൽ ഒരു നിശ്ചിത അളവിലുള്ള പ്രതിരോധശേഷി വികസിക്കുവാൻകാരണമായിട്ടുണ്ട്. ഇപ്പോൾ കോവിഡ് 19 ന് കാരണമായ സാർസ് കോവ് 2 എന്ന വൈറസ് ഒരു മൃഗജന്യ വൈറസാണ്. അതായത് അത് മനുഷ്യരിലെത്തുന്നത് ഒരു മൃഗത്തിൽ കൂടിയാണ്. ചൈനയിലെ ഹോഴ്സ് ഷൂ വവാലുകൾ എന്ന പ്രത്യേകയിനം വവ്വാലുകളിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിൽ എത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ഇവയിൽ വൈറസ് പ്രവേശിക്കുമ്പോൾ പക്ഷെ മനുഷ്യരിൽ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും ഇവയിൽ പ്രകടമാകില്ല. ഇത്തരത്തിൽ, ലക്ഷണങ്ങൾ കാണിക്കാൻ ഇടയില്ലാത്ത, ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ള മറ്റ് മൃഗങ്ങളെകണ്ടെത്താനുള്ള ശ്രമമാണ് ചില പ്രത്യേകതരം സ്പീഷീസിൽ ഉൾപ്പെടുന്ന എലികളിൽ എത്തിനിന്നത്. അതായത് മൂഷികവർഗ്ഗമായിരിക്കും മനുഷ്യകുലത്തിന് ഭാവിയിൽ മഹാമാരികൾക്ക് കാരണമായി ഭവിക്കുക എന്നർത്ഥം.

ന്യു ജഴ്സിയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലെ മോളിക്യൂലാർ ബയോളജിസ്റ്റ് സീൻ കിംഗും കമ്പ്യുട്ടർ സയന്റിസ്റ്റ് മോണാ സിംഗുമാണ് പഠനം നടത്തിയത്. തലമുറകളായി തന്നെ വൈറസുകളുമായി സമ്പർക്കം പുലർത്തുന്ന എലികളിലെ ചില ആധുനിക സ്പീഷീസുകൾക്ക് ആവശ്യത്തിന് പ്രതിരോധ ശേഷൈ ലഭിച്ചിട്ടുണ്ട് എന്നാണ് അവർ പറയുന്നത്. സസ്തനികളുടെ കോശങ്ങളിലേക്ക് പ്രവേശിക്കുവാൻ വൈറസ് ഉപയോഗിക്കുന്ന ഏയ്സ് 2 റിസപ്റ്ററുകളാണ് ഇവർ പ്രധാനമായും പഠന വിഷയമാക്കിയത്.

എലികളിൽ ഈ സ്വീകരിണികളുടെ ബൈൻഡിങ് ഇന്റർഫേസിൽ വലിയ മാറ്റങ്ങൾ ഉണ്ടായതായി ഇവർ കണ്ടെത്തി. ഇതിന്റെ അടിസ്ഥാന ഘടനയിലാണ് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. തുടർച്ചയായി കൊറോണ പോലുള്ള സാർസ് വൈറസുകളുമായുള്ള സമ്പർക്കത്താലാണ് ഇത് സംഭവിക്കുക. പ്ലോസ് കമ്പ്യുട്ടേഷണൽ ബയോളജി എന്ന സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇവർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.