ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ബന്ധമെന്ന് സൂചന


പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയവർ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരെന്ന് സൂചന. അറസ്റ്റിലായ രണ്ടു പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം. ഇവരുടെ അറസ്റ്റോടെ കൊലപാതകത്തിലെ ഗൂഢാലോചന പുറത്തു വരുമെന്നാണ് വിലയിരുത്തൽ.

ഇവരെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തുവിടാൻ തയാറായില്ല. അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടാത്തതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മുഴുവൻ വിവരങ്ങളും അറിഞ്ഞതിന് ശേഷം മാത്രമെ വിവരം പുറത്തുവിടൂ എന്നാണ് പൊലീസ് നിലപാട്. പ്രതികളെന്ന് സംശയിക്കുന്നവരെ മുണ്ടക്കയത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുണ്ടക്കയം പൈങ്ങണയിലുള്ള ബേക്കറിയിലെ ജോലിക്കാരൻ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ദേശീയ പാതയ്ക്ക് സമീപം ബിഎസ്എൻഎൽ ബിൽഡിങ്ങിന് സമീപമുള്ള കെട്ടിടത്തിലെ വാടക മുറിയിൽ നിന്ന് ഇയാളെയും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക്, പാലക്കാട് സ്വദേശി സുബൈർ എന്നിവരാണ് പിടിയിലായത്.

കോട്ടയം മുണ്ടക്കയത്ത് ബേക്കറി തൊഴിലാളിയാണ് സുബൈർ. ഇയാളുടെ മുറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. സഞ്ജിത്തിന്റെ കൊലപാതകത്തിന് ശേഷം സുബൈറിനൊപ്പം മുണ്ടക്കയത്ത് ഒളിവിൽ കഴിയാൻ എത്തിയതായിരുന്നു സലാമും ഇസ്ഹാക്കും.

ആദ്യം സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. അതേസമയം കസ്റ്റഡിയിൽ എടുത്തവർക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.

കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് ഇവരെ മുണ്ടക്കയത്ത് നിന്നും കസ്റ്റഡിയിലെടുത്ത് പാലക്കാട്ടേക്ക് കൊണ്ടുവന്നത്. ഭാര്യയുമൊത്ത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ മുൻപിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. 31 വെട്ടുകളാണ് ശരീരത്ത് ഉണ്ടായിരുന്നത്.

പ്രതികൾക്ക് മുണ്ടക്കയത്തും സമീപ പ്രദേശത്തും പ്രദേശിക സഹായം ലഭിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒളിത്താവളമൊരുക്കിയ സുബൈർ ബേക്കറിയിൽ നാലു മാസം മുമ്പ് ജോലിക്കെത്തിയതാണെന്നാണ് സൂചന. ബേക്കറി ജീവനക്കാർക്കായി ഉടമ വാടകയ്ക്കെടുത്തു നൽകിയ മുറിയിലാണ് കൊലപാതകവുമായി ബന്ധമുള്ളവരെ താമസിപ്പിച്ചത്. അന്വേഷണത്തിനായി 34 അംഗ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും പരിശോധന വ്യാപിപ്പിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ചിലരെ ചോദ്യം ചെയ്തുമാണ് കസ്റ്റഡിയിലെടുത്ത മൂന്നു പേരിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിനു ശേഷം പാലക്കാട്-തൃശ്ശൂർ ദേശീയപാതയയിൽ കണ്ണനൂർ ഭാഗത്തുനിന്നും രക്തക്കറ പുരണ്ട ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടവയാണോ എന്ന കാര്യത്തിൽ പൊലീസ് ഇപ്പോഴും സ്ഥിരീകരണം നൽകുന്നില്ല.

കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സഞ്ജിത്തുകൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികഞ്ഞതോടെ പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധവും ശക്തമായിരുന്നു.