‘ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെ’: ആര്യാടൻ മുഹമ്മദ്
മലപ്പുറം: ആയിഷ സുൽത്താന ചെറുപ്പത്തിലെ ഇന്ദിരാഗാന്ധിയെപ്പോലെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിൽ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ആയിഷ സുൽത്താനയ്ക്ക് സമർപ്പിച്ചു കൊണ്ട് ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു ആര്യാടൻ മുഹമ്മദ്.
പ്രഫുൽ ഖോഡ പട്ടേലിന്റെ വിനാശകരമായ നടപടികളെ ധീരതയോടെയും തന്റേടത്തോടെയും നേരിട്ട ആയിഷയുടെ പോരാട്ടാമാണ് ഇന്ദിരയെ അനുസ്മരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പത്തിൽ ബ്രിട്ടീഷുകാർക്കെതിരായി ഇന്ദിര നടത്തിയത് ധീരമായ പോരാട്ടമാണ്. വർഗീയ ഉദ്ദേശത്തോടെയുള്ള വേർതിരിവുകളെ മരിക്കുന്നതിന്റെ തലേന്നു പോലും എതിർത്തയാളാണ് ഇന്ദിര. സമാനമാണ് ആയിഷയുടേയും നിലപാടുകൾ. ഈ തന്റേടം മരണം വരെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
നല്ലവരായ ലക്ഷദ്വീപുകാരെ നശിപ്പിക്കാനും കേരളവുമായുള്ള അവരുടെ ബന്ധം തകർക്കാനുമാണ് അഡ്‌മിനിസ്‌ട്രേറ്ററെ മുൻനിർത്തി നരേന്ദ്ര മോദി ശ്രമിക്കുന്നത്. അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അവാർഡ് രാജ്യത്ത് പോരാട്ടം നടത്തിയ കർഷകർക്കും അവർക്ക് പിന്തുണ നൽകിയവർക്കും സമർപ്പിക്കുന്നുവെന്ന് ആയിഷ സുൽത്താന പറഞ്ഞു. ലക്ഷദ്വീപുകാർക്ക് പ്രചോദനമാണ് കർഷകരുടെ സമരമെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുമായി സംവാദവും നടത്തി.