വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതൃസമിതി യോഗത്തിലാണ് തീരുമാനം.

നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം കേന്ദ്ര വഖ്ഫ് ആക്ടിന് എതിരാണ്.

നിയമനത്തിനുള്ള പരിപൂര്‍ണ അധികാരം നിയമപ്രകാരം സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ക്കായിരിക്കുമെന്നാണ് ആക്ടില്‍ പറയുന്നത്. ദൈവീകമായി വഖ്ഫ് ചെയ്യപ്പെട്ട സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ മതബോധമുള്ളവര്‍ ആയിരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാരായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി, ടി.പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബ് റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), കെ. സജ്ജാദ് (വിസ്ഡം) തുടങ്ങിയ വിവിധ സംഘടനകളിലുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു