കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 1998 ഗ്രാം സ്വർണവും വിദേശ കറൻസികളും എയർപോർട്ട് ഇൻ്റലിജൻസ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാള്‍ സ്വർണം ചതുര കഷ്ണങ്ങൾ ആക്കി മുറിച്ച് ബ്ലൂടൂത്ത് സ്പീക്കറിൻ്റെ ബാറ്ററി റീ ചാർജ് ചേംബറിൽ ഒളിപ്പിച്ച് ആണ് കൊണ്ട് വരാൻ ശ്രമിച്ചത്. ആകെ 12 കഷ്ണങ്ങൾ ആയി മുറിച്ച് സൂക്ഷിച്ച സ്വർണത്തിൻ്റെ തൂക്കം 1998 ഗ്രാം ആണ്. 98 ലക്ഷം രൂപയാണ് ഇതിൻ്റെ മൂല്യം കണക്കാക്കുന്നത്. ദുബായിൽ നിന്ന് വന്ന FZ 8743 വിമാനത്തിലെ യാത്രക്കാരൻ ആണ് മുജീബ്.
ഷാർജയിൽ നിന്ന് വന്ന നാല് യാത്രക്കാർ ആണ് വിദേശ കറൻസിയുമായി പിടിയിൽ ആയത്. പിടിച്ചെടുത്ത വിദേശ കറൻസികളുടെ മൂല്യം 36 ലക്ഷം രൂപ വരും. കോഴിക്കോട് പാറക്കടവ് സ്വദേശി നങ്കടിയിൽ മുഹമ്മദ് അനസ്, മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി കറുത്തേടത്ത് മുഹമ്മദ് മുഷ്താഖ്, മലപ്പുറം ചേലേമ്പ്ര സ്വദേശി വടക്കേക്കര റഷീദ്, കോഴിക്കോട് പഴൂർ സ്വദേശി വയോലി യാസിർ അഹമദ് എന്നിവരിൽ നിന്ന് ആണ് വിദേശ കറൻസികൾ പിടികൂടിയത്.
മുഹമ്മദ് അനസിൽ നിന്നും 14,61,561 രൂപ മൂല്യമുള്ള വിദേശ കറൻസി ആണ് ആണ് പിടിച്ചെടുത്തത്. ഇതിൽ 100 ഡോളർ 50 എണ്ണം ഉണ്ട്. ബാക്കി പണം സൗദി റിയാൽ ആണ്. മുഹമ്മദ് മുഷ്താഖ് 5,63,961 രൂപ മൂല്യം ഉള്ള റിയാലും റഷീദിൻ്റെ പക്കൽ നിന്നും 11,05,846 രൂപ മൂല്യം വരുന്ന റിയാലും കണ്ടെടുത്തു.4,76,850 രൂപ മൂല്യം വരുന്ന റിയാൽ ആണ് യാസിർ അഹമ്മദിൻ്റെ കൈവശം ഉണ്ടായിരുന്നത്. ഷാർജയിൽ നിന്നുള്ള IX 353 വിമാനത്തിലെ യാത്രക്കാർ ആണ് മുഹമ്മദ് മുഷ്താഖും, റഷീദും, യാസിർ അഹമ്മദും. ഷാർജയിൽ നിന്നുള്ള G9 488 വിമാനത്തിൽ ആണ് അനസ് കരിപ്പൂരിൽ ഇറങ്ങിയത്.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ കറൻസിയുടെ മൂല്യം 20 ലക്ഷം രൂപയിൽ മുകളിലാണെങ്കിൽ മാത്രമാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുക. ഇവർ ഇതിൻ്റെ പിഴ പിന്നീട് അടക്കണം. സ്വർണം കടത്തിയ മുജീബിൻ്റ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരുടെ ജാമ്യത്തിൽ വിട്ടയച്ചു. പിടിച്ചെടുത്ത സ്വർണത്തിൻ്റെ മൂല്യം ഒരു കോടിക്ക് മുകളിൽ ആയെങ്കിൽ മാത്രമേ പ്രതിയെ റിമാൻഡ് ചെയ്യൂ.
ഡെപ്യൂട്ടി കമ്മീഷണർ ഡോക്ടർ ശ്രീജു എസ് എസിൻ്റെ നേതൃത്വത്തിൽ സൂപ്രണ്ട് മാരായ പ്രമോദ് കുമാർ സവിത, റഫീഖ് ഹസ്സൻ, ഇൻസ്പെക്ടർമാരായ സന്ദീപ് നൈൻ, ശശിധരൻ ടി വി, രാജീവ് കെ , ധന്യാ കെ പി , പരിവേഷ് കുമാർ സ്വാമി , ആൻറണി സിസി, രാഹുൽ ടി രാജ് ,സനിത് കുമാർ കെ.ടി എന്നിവർ ആണ് പരിശോധന നടത്തിയത്