പ്ലസ്‌വൺ സീറ്റ്; താത്‌കാലിക ബാച്ചുകൾ വേണ്ടിവരും
തിരുവനന്തപുരം: പ്ലസ്‌വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഏഴ് ജില്ലകളിലായി 65-ഓളം താത്‌കാലിക ബാച്ചുകൾ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടൽ. മന്ത്രി വി. ശിവൻകുട്ടി വിളിച്ച ഉന്നതതല യോഗത്തിലാണ് ഹയർ സെക്കൻഡറി വിഭാഗം ഇതു സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകൾ കൂടുതൽ ആവശ്യം. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ചില താലൂക്കുകളിൽ ഏതാനും ബാച്ചുകളും ആവശ്യമാണ്.
നിലവിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളിൽ ഭൂരിഭാഗവും ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിൽ പ്രവേശനത്തിനായി ഓപ്ഷൻ നൽകിയവരാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തിൽ എത്ര പുതിയ ബാച്ചുകൾ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം മലപ്പുറത്ത് 5491 പേർക്കും പാലക്കാട് 2002 പേർക്കും കോഴിക്കോട് 2202 പേർക്കുമാണ് പ്രവേശനം ലഭിക്കാനുള്ളത്.