മോഫിയയുടെ മരണത്തിൽ സി ഐ സുധീറിന് സസ്പെൻഷൻ

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സി ഐ ആയിരുന്ന സുധീറിന് സസ്പെൻഷൻ. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഡി ജി പിയുടെ നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല.


ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ വച്ച് സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിറകേയാണ് സി ഐയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഡി ജി പിയുടെ ഓർഡർ ഇറങ്ങുന്നത്. സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ അന്വേഷണം നടത്തിയ റേഞ്ച് ‌ഡി ഐ ജിയുടേയും ഡി വൈ എസ് പിയുടേയും റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനെതുടർന്ന് സുധീറിനെ ആലുവയിൽ നിന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കനക്കുകയായിരുന്നു.