റോഡ് വെട്ടിപൊളിച്ചവർക്ക് പഴയപടിയാക്കാനും ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി റിയാസ്


മലപ്പുറം: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി തുറന്നടിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കുത്തിപ്പൊളിച്ച റോഡുകള്‍ പഴയ പടിയിലാക്കാന്‍ കുത്തിപ്പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജല അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ അത് പഴയ നിലയിലാക്കണമെന്ന് 2017-ലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ആവശ്യത്തിന് റോഡുകള്‍ കുത്തിപൊളിക്കുകയാണെങ്കില്‍ ജല അതോറിറ്റി അത് പഴയ സ്ഥിതിയിലാക്കണം. കര്‍ക്കശമായ സമീപനം ഇക്കാര്യത്തില്‍ കൈക്കൊള്ളാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ സന്ദര്‍ശനം നല്‍കിയിട്ടുണ്ട്. കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് എഞ്ചിനീയര്‍മാരോട് കോടതി പറഞ്ഞിട്ടുണ്ട്. നിശ്ചിത കാലയളവില്‍ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്തം കരാറുകാര്‍ക്കുണ്ട്. അത് എത്രത്തോളം  നടക്കുന്നുണ്ടെന്ന് പരിശോധിക്കാനും നടത്താത്തത് നടത്തിക്കാനുമുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. പലര്‍ക്കും ഈ കാലാവധി എത്രയെന്ന് അറിയില്ല’  മന്ത്രി മലപ്പുറം കലക്ടേറ്റിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

റിയാസിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി. കുടിവെള്ള വിതരണത്തിനായി പൊളിച്ച റോഡുകള്‍ പെട്ടെന്ന് മൂടാന്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ല. പൈപ്പിട്ട ഉടനെ മൂടിയാല്‍ പിന്നീട് പരിശോധന നടത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും പൊളിക്കേണ്ടി വരും. ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. മന്ത്രി റിയാസുമായി അടുത്ത ആഴ്ചയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

ഒരു മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുംവിധം റോഡ് ടാര്‍ചെയ്യാന്‍ കഴിയാത്ത എന്‍ജിനിയര്‍മാര്‍ രാജിവെച്ച് പോകണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞത്. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ ടാര്‍ചെയ്ത് ആറുമാസം കൊണ്ട് തകര്‍ന്നിരിക്കുകയാണെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പേര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കാലുള്ള പരാമര്‍ശം.