പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം ശനിയാഴ്ച(നവംബര്‍ 27) പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്നത് തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ സര്‍ക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.