മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു
മഞ്ചേരി: മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റ് സ്വദേശി മാങ്കുന്നന്‍ രാഘവന്റെ ഭാര്യ മിനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്ത് വെച്ചാണ് അപകടം സംഭവിച്ചത്. മിനിയുടെ മോങ്ങത്തുള്ള വീട്ടിലേക്ക് ഇരുവരും സ്‌കൂട്ടറില്‍ പോകുന്നതിനിടെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഘവന് നിസാരമായി പരിക്കേറ്റു. മഞ്ചേരിയിലെ സ്വകാര്യ വസ്ത്ര വില്‍പന കേന്ദ്രത്തില്‍ സെയില്‍സ് ജോലിക്കാരിയാണ് മരിച്ച മിനി. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മക്കള്‍ : ഹരിത, ഹരീഷ്. മരുമകന്‍ : ജിജിന്‍.