കോവിഡ്: ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും 50,000 രൂപയുടെ ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം. പണം അനുവദിക്കുന്നതിന് അവകാശികൾ എന്ന മാനദണ്ഡം വിശദമാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

ഭാര്യയാണു മരിച്ചതെങ്കിൽ ഭർത്താവിനും ഭർത്താവാണു മരിച്ചതെങ്കിൽ ഭാര്യയ്ക്കുമാണു ധനസഹായം അനുവദിക്കുന്നത്. മാതാവും പിതാവും മരിച്ചാൽ മക്കൾക്കു തുക തുല്യമായി വീതിച്ചു നൽകും. മരിച്ച ആൾ വിവാഹം ചെയ്തിട്ടില്ലെങ്കിലോ വിവാഹിതരെങ്കിൽ ഭാര്യ/ഭർത്താവ്/മക്കൾ ജീവിച്ചിരിപ്പില്ലെങ്കിലോ മാതാപിതാക്കൾക്കു തുക തുല്യമായി വീതിക്കും. ഈ വിഭാഗത്തിലുള്ളവരുടെ രക്ഷിതാക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ സഹോദരങ്ങൾക്കാണു തുല്യ വിഹിതമായി തുക അനുവദിക്കുക.

മരിച്ച ആളിന്റെ കുടുംബത്തിൽ ഭാര്യ/ഭർത്താവ്/മക്കൾ എന്നിവർക്കൊപ്പം ആശ്രിതരായ മാതാപിതാക്കൾ കൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതികമായ സഹായം അനുവദിക്കും. സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണു തുക അനുവദിക്കുന്നത്.