ഒമിക്രോൺ; യുഎഇ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി

ദുബായ്: പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, മൊസാംബിക്, ബോട്സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശിക്കാനാവില്ല. തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും.

യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണം. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്.