ഒമിക്രോൺ: കോഴിക്കോട്​ വിമാനത്താവളത്തിലും നിരീക്ഷണം ശക്തം

മലപ്പുറം: വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസി​െൻറ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതോടെ കോഴിക്കോട്​ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിലാണ്​ പരിശോധന ക്രമീകരണങ്ങൾ ഒരുക്കിയത്​.

കേന്ദ്ര സർക്കാർ​ ഹൈ റിസ്ക്കിൽ (ഉയർന്ന അപകട സാധ്യത) ഉൾപ്പെടുത്തിയ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ മാത്രമാണ് ഇപ്പോൾ സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തിയത്​​. ഏ​ഴ്​ ദിവസമാണ്​ ക്വാറൻറീനിൽ കഴിയേണ്ടത്​.

ഇവർക്ക്​ വിമാനത്താവളത്തിൽ തന്നെ​ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന്​ കോവിഡ്​ സർ​വൈലൻസ്​ ഒാഫിസർ അറിയിച്ചു. ഏഴ്​ ദിവസത്തിന്​​ ശേഷം വീണ്ടും പരിശോധന നടത്തണം. ഇതിൽ നെഗറ്റീവായാലാണ്​ പുറത്തിറങ്ങാനാവുക.

കഴിഞ്ഞ 25 മുതൽ ​ൈഹ റിസ്​ക്​ രാജ്യങ്ങളിൽനിന്ന്​ കരിപ്പൂർ വഴി നൂറ്റമ്പതോളം പേരാണെത്തിയത്​. ഇവർ എല്ലാവരും സമ്പർക്ക വിലക്കിലാണ്​. ഇവരുടെ ആദ്യ പരിശോധന ഫലങ്ങൾ നെഗറ്റീവാണ്​. ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബോട്​സ്വാനിയ, ഹോങ്കോങ്​, ബ്രസീൽ, ഇസ്രായേൽ, ചൈന, മൗറീഷ്യസ്​, ന്യൂസിലൻഡ്​​, സിംഗപ്പൂർ, ബംഗ്ലാദേശ്​ രാജ്യങ്ങളാണ്​ നിലവിൽ ഹൈ റിസ്​ക്​ വിഭാഗത്തിൽ ഉൾപ്പെടുന്നത്​.

കേന്ദ്ര മാർഗനിർദേശ പ്രകാരം ഇന്ത്യയിലേക്ക്​ വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്​ലോഡ്​ ചെയ്യണമെന്നും നിർദേശമുണ്ട്​. കോവിഡ്​ ഭീഷണി കുറഞ്ഞതിനെ തുടർന്ന്​ കേന്ദ്ര സർക്കാർ വിദേശത്തുനിന്ന്​ വരുന്നവർക്ക്​ സമ്പർക്ക വിലക്ക് വിവിധ ഘട്ടങ്ങളിലായി നിർത്തലാക്കിയിരുന്നു​.