പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു.

ഹൈദരാബാദ്: പ്രശസ്ത നൃത്തസംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. തെലുങ്ക്, തമിഴ് സിനിമകളിലൂടെയാണ് ശിവശങ്കര്‍ ശ്രദ്ധേയനായത്. 10 ഇന്ത്യന്‍ ഭാഷകളിലായി എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനമൊരുക്കി. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2009ല്‍ എസ് എസ് രാജമൗലിയുടെ മഗധീര എന്ന ചിത്രത്തിനാണ് മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം നടന്‍മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു. 1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ശിവശങ്കര്‍ ജനിച്ചത്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ് എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, സൂര്യവംശം തുടങ്ങി നിരവധി ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് ശിവശങ്കറായിരുന്നു. ശിവശങ്കറിന്റെ ഭാര്യയ്ക്കും മൂത്തമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഭാര്യ ഹോം ക്വാറന്റൈനിലാണ്.