ആര് പറഞ്ഞാലും കേരളം നന്നാവില്ല…; അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും ഹൈക്കോടതി

പാതയോരത്തെ അനധികൃത കൊടിമരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം നന്നാവില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പോയപ്പോള്‍ അവിടെ നിറയെ കൊടിമരങ്ങളായിരുന്നെന്നും ബഹുഭൂരിപക്ഷവും ചുവന്ന കൊടിമരങ്ങളായിരുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. അനധികൃത കൊടിമരം ഒഴിവാക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം.

അനധികൃത കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ പിഴചുമത്തുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നായിരുന്നു ഉത്തരവ്. റോഡിലോ, പൊതു സ്ഥലത്തോ കൊടിമരമോ മറ്റോ സ്ഥാപിക്കണമെങ്കിൽ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നോ മറ്റ് അധികാരപ്പെട്ടവരിൽ നിന്നോ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.