സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിൽ; ചേസിങ്ങാണ് അപകട കാരണമെന്ന് കമീഷണർ
കൊച്ചി: സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടർന്നതാണ് മരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു. ദുരുദ്ദേശത്തോടെയാണ് സൈജു പെൺകുട്ടികളെ പിന്തുടർന്നത്. സൈജു ലഹരിക്ക് അടിമയാണെന്നും കമീഷണർ പറഞ്ഞു.
നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിർത്താനായിരുന്നു സൈജുവിന്‍റെ പദ്ധതി. ഇതിന് പെൺകുട്ടികൾ വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടർന്നത്. ഈ ചേസിങ്ങിനിടെയിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേർ കൊല്ലപ്പെട്ടത്.
സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമീഷണർ പറഞ്ഞു. ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു.
മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചു. സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്‍റെ മൊഴിയിലുണ്ട്. സൈജുവിന്‍റെ ഫോണില്‍ നിന്ന് ഡി.ജെ പാര്‍ട്ടികളുടേത് ഉള്‍പ്പെടെ ചില ചിത്രങ്ങളും വീഡിയോകളും അന്വേഷണസംഘത്തിന് ലഭിച്ചു. ചിത്രങ്ങളില്‍ സൈജുവിനൊപ്പമുള്ള പെണ്‍കുട്ടികളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.