എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: ഫാഷിസ്റ്റു സര്‍ക്കാര്‍ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്ന് എസ്ഡിപിഐ പ്രഥമ പ്രസിഡന്റ് ഇ അബൂബക്കര്‍ പറഞ്ഞു. എസ്ഡിപിഐ ദേശീയ നേതാക്കള്‍ക്ക് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ തകര്‍ക്കുന്ന ഫാഷിസത്തെ ചെറുക്കാന്‍ എസ്ഡിപിഐക്ക് സാധിക്കണം. ഇന്ത്യയിലെ വലിയ പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന അവകാശവാദമില്ല. എന്നാല്‍ ഏറ്റവും വലിയ പ്രതീക്ഷ നല്‍കുന്ന പാര്‍ട്ടി എസ്ഡിപിഐ മാത്രമാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. രാജ്യത്തെ യഥാര്‍ത്ഥ പ്രതിപക്ഷമായി എസ്ഡിപിഐ മാറിയതായും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളായ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ പ്രവര്‍ത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പ്രഫ. പി കോയ, സി പി എ ലത്തീഫ്, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, അഡ്വ. കെ പി മുഹമ്മദ് ശരീഫ്, പി പി മൊയ്തീന്‍ കുഞ്ഞ് എന്നീ നേതാക്കള്‍ക്കാണ് സ്വീകരണം നല്‍കിയത്.

എസ്ഡിറ്റിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല വയനാട്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, എസ് പി അമീര്‍ അലി, അഷ്റഫ് പ്രാവച്ചമ്പലം, മുസ്തഫ പാലേരി, വി എം ഫൈസല്‍, മഞ്ജുഷ മാവിലാടം, ലസിത അസീസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സ്റ്റേറ്റ് പ്രസിഡന്റ് ബീരാന്‍ കുട്ടി കോയിസ്സന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി തുടങ്ങിയവര്‍ സംബന്ധിച്ചു.