ഹെല്‍മെറ്റിനുള്ളില്‍ എം.ഡി.എം.എ; യുവാവ് പിടിയില്‍


അങ്കമാലി: ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്നുമായി വന്ന യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ മഞ്ചപ്പെട്ടി കുതിരപ്പറമ്പ് സ്വദേശി സുധീറി(24)നെയാണ് 50 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ടൂറിസ്റ്റ് ബസില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഹെല്‍മറ്റ് ബാഗില്‍ പൊതിഞ്ഞ് വെച്ചിരിക്കുകയായിരുന്നു. ഇയാള്‍ ഡിഗ്രി മുതല്‍ പഠിച്ചത് ബെംഗളൂരുവിലായിരുന്നു. സി.ജെ എന്ന് വിളിക്കുന്ന സുഡാന്‍ വംശജനാണ് ബെംഗളൂരുവില്‍വെച്ച് തനിക്ക് ലഹരിമരുന്ന് കൈമാറിയതെന്നാണ് ഇയാളുടെ മൊഴി.

പിടികൂടിയ എം.ഡി.എം.എയ്ക്ക് ലക്ഷങ്ങള്‍ വിലവരും. കഴിഞ്ഞ മാസം ബെംഗളൂരുവില്‍നിന്ന് കടത്തിയ 168 ഗ്രാം എം.ഡി.എം.എ ദേശീയ പാതയില്‍ നെടുമ്പാശേരി കരിയാട് ജംഗ്ഷനില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു.

ഡി.വൈ.എസ്.പിമാരായ പി.കെ ശിവന്‍ കുട്ടി, സക്കറിയ മാത്യു, എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ.മാരായ എല്‍ദോ പോള്‍, മാര്‍ട്ടിന്‍ ജോണ്‍, എ.എസ്.ഐ റെജിമോന്‍ , സി.പി.ഒ അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ ആര്‍ക്കുവേണ്ടിയാണ് ലഹരിമരുന്ന് കൊണ്ടുവന്നതെന്നും കൂടുതല്‍ ആളുകളുണ്ടോയെന്നുംഅന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.