100 പഞ്ചായത്തുകളില്‍ ജനുവരിയോടെ കളിക്കളം: കായിക മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: സംസ്ഥാനത്തു ഫുട്്‌ബോളിന്റെ പ്രചാരണത്തിനു പ്രഗത്ഭരായ മുന്‍കാല കായികതാരങ്ങളെ അംബാസിഡര്‍മാരാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു ഫുട്‌ബോള്‍ മേഖലയില്‍ നിരവധി നവീനപദ്ധതികള്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കായിക വികസനവുമായി ബന്ധപ്പെട്ടു പ്രമുഖ ഫുട്‌ബോള്‍ താരങ്ങളുമായും പരിശീലകരുമായും നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അഞ്ചു ലക്ഷം കുട്ടികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന വിപുലമായ പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്നു മന്ത്രി പറഞ്ഞു. ഇതുവഴി മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനും പരിശീലനം നല്‍കാനുമാകും. ഫുട്‌ബോള്‍ പരിശീലനത്തില്‍ മുന്‍കാല കായികതാരങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു വിദേശ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് സൈക്കോളജി, ബയോമെക്കാനിക്‌സ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

പരിശീലക ലൈസന്‍സ് നല്‍കുന്നതില്‍ മുന്‍കാല താരങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നതു സംബന്ധിച്ച് അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തും. പരിശീലക ലൈസന്‍സ് പരീക്ഷ മലയാളത്തിലും എഴുതാന്‍ അവസരമുണ്ടാക്കാന്‍ ശ്രമിക്കും. സ്‌കൂള്‍, കോളജ് തലത്തില്‍ മികച്ച ടൂര്‍ണമെന്റുകള്‍ ശക്തമാക്കുന്നതിലും ഡിപ്പാര്‍ട്ടമെന്റ്തല ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിലും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളമെങ്കിലും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഒന്നാം ഘട്ടമായി കളിക്കളമില്ലാത്ത 100 പഞ്ചായത്തുകളില്‍ ജനുവരിയോടെ കളിക്കളം അനുവദിക്കും. പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ച് കായിക മേഖല കൂടുതല്‍ ശക്തിപ്പെടുത്തും. കായിക മേഖലയിലുള്ള എല്ലാ വിഭാഗങ്ങളിലേയും താരങ്ങളുമായും പരിശീലകരുമായും ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും സംസ്ഥാന കായിക നയം രൂപീകരിക്കുക.

കായിക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്ര വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണു കായിക നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ടി.കെ. ചാത്തുണ്ണി, യു. ഷറഫലി, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ബിജേഷ് ബെന്‍, കെ. അജയന്‍, അബ്ദുള്‍ ഹക്കിം, കുരിക്കേശ് മാത്യു, കെ. ബിനീഷ് തുടങ്ങി ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.